കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്, വോട്ടെണ്ണല്‍ മേയ് രണ്ടിന്


ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് അറിയാം. കേരളത്തിൽ‌ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12ന് പുറത്തുവരും. നോമിനേഷൻ നൽകാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. സൂക്ഷ്‌മപരിശോധന മാർച്ച് 20നും, പിൻവലിക്കാനുള്ള തീയതി 22നും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനും ഫലപ്രഖ്യാപനം മെയ് രണ്ടിനും നടക്കും.  മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് നടക്കും. 

കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ്‌ ആണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു. സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 579033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും.
ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കന്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം, വയനാട് , പാലക്കാട് ജില്ലകലിൽ കേന്ദ്ര സേനയെ വിന്യസിക്കും.

 

You might also like

Most Viewed