പി.എസ്.സി സമരക്കാരുമായി ചര്‍ച്ചയ്ക്ക് മന്ത്രി എ.കെ ബാലനെ മുഖ്യമന്ത്രി നിയോഗിച്ചു


തിരുവനന്തപുരം: പി എസ് സി സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രി എ കെ ബാലൻ സമരം ചെയ്യുന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധികളുമായി ചർച്ച നടത്തും. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മന്ത്രിയുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി എൽ ജി എസ് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി എ എ റഹീമുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് അതിനുമുമ്പായിരിക്കും മന്ത്രിയുമായുളള ചർച്ച നടക്കുക.
എൽ ജി എസ് ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിന് ഇനിയും രണ്ട് മാസം കൂടി കാലാവധി ഉള്ളതിനാൽ ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തുമെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു. എന്നിരുന്നാലും പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ഇവർ പ്രതിഷേധ സമരം തുടരുകയാണ്.