സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ നിർദേശം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതൽ കർശനമാക്കി. മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കും. ഇതിനായി സ്വകാര്യ കമ്പനിയ്ക്ക് ടെൻഡർ നൽകി. 448 രൂപ മാത്രമായിരിക്കും ഇവിടങ്ങളിൽ പരിശോധന നിരക്ക്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നത് കൂടുതൽ പേർക്ക് സൗകര്യമായിരിക്കും. ഇതോടൊപ്പം ആർടിപിസിആർ പരിശോധനയ്ക്ക് പുതിയ മാർഗ നിർദേശവും സർക്കാർ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാനാണ് പുതിയ മാർഗ നിർദേശം. സർക്കാർ സംവിധാനങ്ങൾക്ക് പുറമേ പരിശോധന ഔട്ട് സോഴ്സ് ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകണം. അതിന് കഴിഞ്ഞില്ലെങ്കിൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കുവാനും നിർദ്ദേശമുണ്ട്.