അങ്കമാലി− ശബരി റെയിൽ‍പാത യാഥാർത്ഥ്യത്തിലേക്ക്


തിരുവനന്തപുരം: അങ്കമാലി− ശബരി റെയിൽ‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അന്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാൻ‍ മന്ത്രിസഭാ തീരുമാനം. ഇതിനായി കിഫ്ബി മുഖേന പണം ലഭ്യമാക്കാനും സംസ്ഥാനസർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന വൻകിട വികസനപദ്ധതികളിലൊന്നായിരിക്കും ഇത്.

അങ്കമാലി− ശബരി പാത കൊല്ലം  ജില്ലയിലെ പുനലൂർ‍ വരെ ദീർ‍ഘിപ്പിക്കുകയാണെങ്കിൽ‍ ഭാവിയിൽ‍ തമിഴ് നാട്ടിലേക്ക് നീട്ടാൻ കഴിയും. ഈ സാധ്യതയും സർ‍ക്കാർ‍ കണക്കിലെടുത്തിട്ടുണ്ടെന്നും മന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ചിട്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.

നിർ‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽ‍വെ എടുത്തു. ദേശീയ തീർ‍ത്ഥാടന കേന്ദ്രമെന്ന നിലയിൽ‍ റെയിൽ‍വെയുടെ ചെലവിൽ‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടിൽ‍ റെയിൽ‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാൻ സംസ്ഥാന സർ‍ക്കാർ‍ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അങ്കമാലി− ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയിൽ‍വെ മന്ത്രാലയം തന്നെ നിർ‍വഹിക്കണം. പാതയിൽ‍ ഉൾ‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു−സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കന്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തിൽ‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയിൽ‍വെയും 50:50 അനുപാതത്തിൽ‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാൻ‍ തീരുമാനിച്ചത്.

1997-98 ലെ റെയിൽ‍വെ ബജറ്റിൽ‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദർ‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ‍ നിന്നെത്തുന്ന തീർ‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നിൽ‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ‍ പദ്ധതി നടപ്പാക്കാന്‍ റെയിൽ‍വെ താൽപര്യം കാണിച്ചില്ലെന്ന് സർക്കാർ ആരോപിക്കുന്നു. പദ്ധതി പ്രഖ്യാപിക്കുന്പോൾ‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ‍ ഇപ്പോൾ‍ അത് 2815 കോടി രൂപയായി ഉയർ‍ന്നു.

You might also like

Most Viewed