മുഖ്യമന്ത്രിയും പാർ‍ട്ടി സെക്രട്ടറിയും ചേർന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത്: രമേശ് ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേർന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഈ അധോലോക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടിക്ക് എങ്ങനെ കഴിയുന്നു. പാർട്ടിയുടെ നേതാക്കന്മാർ ആരെയാണ് സംരക്ഷിക്കുന്നത്. ഇവിടെ നടക്കുന്ന ഈ തീവെട്ടിക്കൊള്ള ജനം മനസിലാക്കുന്നുണ്ട്. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ‍ ശ്രമിച്ചാലും ഈ കൊള്ളക്കാരെയും കള്ളന്മാരെയും നിയമത്തിന് മുന്‍പിൽ കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള പലരെയും ചോദ്യം ചെയ്യാൻ‍ പോവുകയാണ്. ഇത് കേരളത്തിന് അപമാനകരമായ സംഭവമാണ്. ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരിന്റെ ഭാഗത്തുനിന്ന് അധോലോക പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതേക്കുറിച്ച് ഒന്നും ജനങ്ങളോട് വിശദീകരിക്കാൻ‍ അവർ‍ക്ക് കഴിയില്ല. നാടാകെ അവരുടെ മുഖം മനസിലാക്കി കഴിഞ്ഞുവെന്നതാണ് യാഥാർത്ഥ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

Most Viewed