ജോസിന് ഭാവിയില്ലെന്നും കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കുമെന്നും മാണിയുടെ മരുമകൻ

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനെതിരെ വിമർശനവുമായി കെ.എം മാണിയുടെ മകളുടെ ഭർത്താവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി. ജോസഫ്. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഉൾക്കൊള്ളാനാകില്ലെന്നും ജോസ് കെ. മാണിക്ക് എൽഡിഎഫിൽ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരുമെന്നും ജോസഫ് പറഞ്ഞു. കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കാൻ തയാറാണെന്നും എം.പി ജോസഫ് വ്യക്തമാക്കി.
ബാർ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം. ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണിപോലും എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രം. ഇടതുപക്ഷത്ത് കേരളാകോൺഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.