23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിൽ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുൻകൂർ ജാമ്യം പരിഗണിച്ച കോടതി ഈ മാസം 23വരെ ശിവശങ്കറെ അറസ്റ്റ് ചെയ്യരുതെന്ന് നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ശിവശങ്കറെ വിളിപ്പിച്ചിരുന്നു.
എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശിവശങ്കർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അറസ്റ്റ് തടഞ്ഞത്. എന്നാൽ ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ് കോടതിയെ അറിയിച്ചു. ശിവശങ്കറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി. വിജയഭാനുവാണ് കോടതിയിൽ ഹാജരായത്.