കേരളത്തിൽ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കി


കൊച്ചി: കേരളത്തിൽ കൊവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗരേഖ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗ തീവ്രതയനുസരിച്ച് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനാണ് ഡിസ്ചാര്‍ജ് ഗൈഡ്ലൈന്‍ പുതുക്കിയത്. വിവിധ കാറ്റഗറികളായി തിരിച്ചാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.

രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളെ ആദ്യ പോസിറ്റീവായി പത്താമത്തെ ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി എ, ബി വിഭാഗങ്ങളിലെ രോഗികളെ പോസിറ്റീവായി 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താം. പരിശോധനാ ഫലം നെഗറ്റീവ് ആകുകയും മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകും ചെയ്താല്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായി തുടരുകയാണെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്പോള്‍ ഡിസ്ചാര്‍ജാക്കാം. ഡിസ്ചാര്‍ജ് സമയത്ത് രോഗിയുടെ ആരോഗ്യ നില തൃപ്തികരമായിരിക്കണം.
കാറ്റഗറി സിയില്‍ അഥവാ ഗുരുതര കൊവിഡ് രോഗമുള്ളവരെ ആദ്യം പോസിറ്റീവായി പതിനാലാമത്തെ ദിവസം കഴിഞ്ഞിട്ട് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താം. നെഗറ്റീവാകുകയും മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യാം. പോസിറ്റീവായാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ഡിസ്ചാര്‍ജ് ചെയ്യും.
എല്ലാ വിഭാഗത്തിലുള്ള രോഗികളും ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഏഴ് ദിവസം ക്വാറന്റീനില്‍ തന്നെ കഴിഞ്ഞ് വിശ്രമിക്കേണ്ടതാണ്. അനാവശ്യ യാത്രകളും, സമൂഹവുമായുള്ള ഇടപെടലും, കുടുംബ സന്ദര്‍ശനങ്ങളും, വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളുമെല്ലാം നിര്‍ബന്ധമായും ഒഴിവാക്കണം.

You might also like

Most Viewed