തടവുകാരുടെ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ മർദനം; സൂപ്രണ്ടിനു സസ്പെൻഷൻ

തൃശൂർ: റിമാൻഡ് തടവുകാരുടെ കോവിഡ് നിരീക്ഷണകേന്ദ്രമായ തൃശൂരിലെ അന്പിളിക്കല ഹോസ്റ്റലിൽ തടവുകാർക്ക് മർദ്ദനമേറ്റ സംഭവത്തിൽ സൂപ്രണ്ട് രാജു ഏബ്രഹാമിനു സസ്പെൻഷൻ. ആൺകുട്ടിയെ മർദിച്ച രണ്ടു ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. അന്പിളിക്കല കോവിഡ് കേന്ദ്രം പൂട്ടി. തേഞ്ഞിപ്പലം സ്വദേശി ഷാഫിക്ക് അന്പിളിക്കലയിൽ മർദനമേറ്റതിനെക്കുറിച്ചുള്ള അന്വേഷണമാണ് ക്രൂരമർദ്ദനം നടന്നുവെന്നതിലേക്ക് എത്തിയത്. മർദനമേറ്റ് അവശനിലയിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാഫി ഡോക്ടർക്ക് നൽകിയ മൊഴിപ്രകാരം അന്പിളിക്കലയിലെ രണ്ട് ജയിൽ ജീവനക്കാരുടെ പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തിരുന്നു.
ഷാഫിക്ക് മർദ്ദനമേറ്റെന്ന് പരാതിയിൽ പറഞ്ഞ ദിവസം തന്നെയാണ് ഷെമീർ എന്ന തടവുകാരനെ അവശനിലയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചതും പിന്നീട് മരിച്ചതും. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നുവരെ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽജീവനക്കാരുടെ പേരിലാണ് കേസ്. വിയ്യൂർ സബ് ജയിലിൽനിന്നുള്ള വാർഡൻമാരാണ് ഇവിടത്തെ ചുമതലക്കാർ.