ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാലത്തേക്ക് സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് വി.ജി അരുണിന്‍റെ സിംഗിൾ ബഞ്ചിന്‍റേതാണ് വിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. സുപ്രിംകോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റര്‍ ജനറൽ അഡ്വ. കെവി വിശ്വനാഥനെ ഓൺലൈനായി എത്തിച്ചാണ് സര്‍ക്കാർ സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ വാദം ഉന്നയിച്ചത്. സര്‍ക്കാരിന് വലിയ ആശ്വസമാണ് ഹൈക്കോടതി വിധി.
ലൈഫ് പദ്ധതിക്കായി കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ച് വിദേശ സഹായം സ്വകരിച്ചു എന്ന കുറ്റം ചുമത്തിയാണ് സിബിഐ കേസെടുത്തത്. ലൈഫ് മിഷനേയും കരാറുകാരായ യൂണിടാക്കിനേയും പ്രതിചേർത്തുളള അന്വേഷണം തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.