പല ഇന്ത്യക്കാരും ദളിതരെയും മുസ്‌ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പല ഇന്ത്യക്കാരും ദളിതരെയും മുസ്‌ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ലെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്‍റെ വിമർശനം. ഹത്രാസിൽ ദളിത് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യംവച്ചായിരുന്നു രാഹുലിന്‍റെ ആക്രമണം. പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന യുപി പോലീസിന്‍റെ നിലപാടിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.
ലജ്ജാകരമായ സത്യം എന്തെന്നാൽ, പല ഇന്ത്യക്കാരും ദളിതരെയും മുസ്‌ലിങ്ങളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ പോലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു. മറ്റു പല ഇന്ത്യക്കാർക്കും അവൾ ആരുമില്ല− രാഹുൽ ട്വീറ്റ് ചെയ്തു.