മലയാറ്റൂരിൽ വെടിമരുന്നുകൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം; രണ്ട് മരണം

എറണാകുളം: എറണാകുളം മലയാറ്റൂരിൽ പാറമടയ്ക്ക് സമീപമുള്ള വീട്ടിൽ സ്ഫോടനം. രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശിയായ പെരിയണ്ണൻ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. പാറമടക്ക് സമീപമുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു. തുടര്‍ന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുന്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന വീട്ടിൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു രണ്ടുപേരും.