തീവ്രവാദികളുടെ അറസ്റ്റ്: എന്‍ഐഎ തകര്‍ത്തത് ഡൽഹിയിലടക്കം ആക്രമണം നടത്താനുള്ള പദ്ധതി


 

കൊച്ചി: കൊച്ചിയിൽ പിടിയിലായ അൽ ഖ്വയ്ദ ഭീകരർ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ. ആക്രമണത്തിനായി ധനസമാഹരണം നടത്താന്‍ സംഘം ഡല്‍ഹിയിലെത്താൻ ശ്രമിച്ചിരുന്നതായും ഇവരെ പിടികൂടിയതിലൂടെ വൻ ആക്രമണ പദ്ധതി തകര്‍ത്തതായും എന്‍ഐഎ വ്യക്തമാക്കി.
അതേസമയം പിടിയിലായ അൽ ഖ്വയ്ദ ഭീകരർ കേരളത്തിൽ കഴിഞ്ഞത് ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന. പിടിയിലായ മൂന്ന് പേർ കഴിഞ്ഞ കുറച്ചുമാസങ്ങളായി എറണാകുളത്തുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎയുടെ പദ്ധതി. പെരുന്പാവൂരിലും പാതാളത്തും പുലർച്ചെ വീട് വളഞ്ഞാണ് എൻഐഎ സംഘം അൽഖ്വയ്ദ ഭീകരരെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളത്ത് രണ്ടിടത്ത് റെയ്ഡ്. പിടിയിലായവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നതെന്നാണ് എൻഐഎ നൽകുന്ന വിവരം.

You might also like

Most Viewed