എല്ലാ കാലത്തും അരുംകൊല രാഷ്‌ട്രീയം വിലപ്പോവില്ല : കെ.സി വേണുഗോപാൽ

കണ്ണൂർ : വോട്ടു നേടാൻ വേണ്ടി ഒന്ന് പറയുകയും അധികാരത്തിലേറിയാൽ അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നപാർട്ടിയാണ് സി.പി.എം. എല്ലാ കാലത്തും അരുംകൊല രാഷ്‌ട്രീയം വിലപ്പോവില്ലെന്നും കെ.സി വേണുഗോപാൽ എം.പി. കെ.സുധാകരന്റെ നിരാഹാര സമരപ്പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന് വേണ്ടി പോരാടുന്നവരെന്ന് നടിക്കുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുകയാണ് എന്നും കമ്യൂണിസ്റ്റുകാരെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുന്ന നയം ഇനി കേരളത്തിൽ വിലപ്പോവില്ല. ടി.പി. വധംപോലെ നിഷ്‌ഠുരമായ കൊലപാതകമാണ് ഷുഹൈബിന്റേതും. പിശാചുക്കളും കാട്ടാളന്മാർ പോലും ലജ്‌ജിക്കുന്നതരത്തിലാണ് പാവപ്പെട്ട ഒരു ചെറുപ്പക്കാരനെ കൊത്തിനുറുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകത്തിലെ ഗൂഢാലോചന ഒരിക്കലും പുറത്തുവരരുത് എന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നത്. ഷുഹൈബിന്റെ കൊലപാതകം ഇന്ന് സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ മറന്നതാണ് സി.പി.എമ്മിന്റെ അധഃപതനത്തിന് കാരണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ആർജ്‌ജവമുണ്ടെങ്കിൽ പോളിറ്റ് ബ്യൂറോയും സംസ്ഥാന കമ്മിറ്റിയും പിണറായിയും കോടിയേരിയുമെല്ലാം തീരുമാനിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് ഈ ഹീനമായ കൊലനടത്തിയത് ഞങ്ങളാണെന്ന് ഏറ്റുപറയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.