കതിരൂർ മനോജ് വധം: കൊലയ്ക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ സി.ബി.ഐ കണ്ടെത്തി
കണ്ണൂർ: കതിരൂരിൽ ആർ.എസ്.എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മനോജിനെ കൊലപ്പെടുത്തുവാൻ പ്രതികൾ ഉപയോഗിച്ച ആയുധ ങ്ങൾ സി.ബി.ഐ കണ്ടെടുത്തു. അഞ്ചു കൊടുവാൾ, ഒരു സ്റ്റീൽ കത്തി എന്നിവയാണ് സി.ബി.ഐ കണ്ടെത്തിയത്.
കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ സംഘം നടത്തിയ തിരച്ചിലിൽ ഉക്കാസ്മൊട്ടയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. തോടിന്റെ കരയിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ. വിശദ പരിശോധനയ്ക്കു വേണ്ടി ആയുധങ്ങൾ ഉടൻ അയയ്ക്കുമെന്ന് സി.ബി.ഐ പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്ത തോടെ കേസന്വേഷണം നിർ ണായക വഴിത്തിരിവിലെത്തി.
തൊണ്ടി സാധനമായി കൊച്ചിയിലെ കോടതിയിലും സി.ബി.ഐ സംഘം ഇവ ഹാജരാക്കും. കേസിൽ ആകെ 19 പ്രതികളാണുള്ളത്. സി.ബി.ഐ കേസ് ഏറ്റെടുത്തതിനു ശേഷം അഞ്ച് പ്രതികളെ പിടികൂടിയിരുന്നു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പ്രതികളെയാണ്് പിടികൂടിയത്. സെപ്തംബർ ഒന്നിനാണു കേസിനാസ്പദമായ സംഭവം. മനോജും സുഹൃത്ത് പ്രമോദും തലശ്ശേരിലേക്കുള്ള യാത്രയ്ക്കിടെയിൽ വെച്ചാണ്് ആക്രമണത്തിനിരയായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.