സുനി മുമ്പ് തന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു: സുരേഷ് കുമാർ


കൊച്ചി: ഭാവനയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ഇളമ്പകപ്പിള്ളി നെടുവേലിക്കുഴി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) മുന്‍പും സമാനമായൊരു സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. പ്രമുഖ നിര്‍മ്മാതാവ് സുരേഷ്‌കുമാറാണ് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇക്കാര്യം പറഞ്ഞത്. തന്റെ ഭാര്യയും നടിയുമായ മേനകയ്ക്ക് നേരെയാണ് ഈ ആക്രമണം നടന്നത്.
2010-ലാണ് തന്റെ ഭാര്യയെ സുനി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അന്നു തന്നെ ഇക്കാര്യത്തിൽ താൻ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. അന്നു തന്റെ ഭാര്യ സഞ്ചരിച്ച കാർ ആക്രമിക്കാനാണ് സുനി ശ്രമിച്ചത്. മേനകയ്‌ക്കൊപ്പം യാത്ര ചെയ്യേണ്ടിയിരുന്ന മറ്റൊരു നടിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ അന്ന് അവർ മേനകയ്‌ക്കൊപ്പമുണ്ടായിരുന്നില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
രാത്രി കാർ പിന്തുടർന്ന ആക്രമികൾ നടി സഞ്ചരിച്ച കാർ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയ സുനിയ്ക്ക് പല ഉന്നതരുമായും ബന്ധമുണ്ടെന്നും ഇക്കാരണം കൊണ്ടാണ് നടപടിയുണ്ടാവാത്തതെന്നും സിനിമാ മേഖലയിലുള്ളവർ ആരോപിക്കുന്നു.
വാഹന മോഷണമടക്കം നിരവധി കേസുകളിലെ പ്രതിയാണ് പൊലീസ് തിരയുന്ന സുനില്‍ കുമാര്‍. ബൈക്കുകളില്‍ ഇഷ്ടവണ്ടി പള്‍സറായതോടെയാണ് സുനില്‍കുമാറിന് പള്‍സര്‍ സുനിയെന്ന ഇരട്ടപ്പേര് വീണത്. പഠനകാലം മുതല്‍ കേസുകളിലും അക്രമ സംഭവങ്ങളിലും അകപ്പെട്ടിട്ടുളള ഇയാള്‍ പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള സുനിലിനെതിരെ കളമശേരി, ഏലൂര്‍ സ്റ്റേഷനുകളിലാണ് ഒട്ടേറെ കേസുകളുള്ളത്. സ്വന്തം നാടുമായി അധികം ബന്ധമില്ലാത്ത ഇയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടല്‍, വാടകയ്‌ക്കെടുത്ത കാറുകള്‍ തിരികെ നല്‍കാതെ കബളിപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.

You might also like

Most Viewed