ഭാവനയ്ക്ക് നേരെയുള്ള ആക്രമണം : ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി


കൊച്ചി : രാത്രി കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന നടി ഭാവനയെ അക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് ഈ സംഭവം ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഒരു ക്രമസമാധാന പ്രശ്നവുമില്ല. ക്രമസമാധാനം തകർന്നു എന്നു പറഞ്ഞ് ഉപവാസമിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടമാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. ഗുണ്ടാവിളയാട്ടം അത്രകണ്ട് വർദ്ധിച്ചതായും, ക്രമസമാധാനനില താറുമാറായതായും അദ്ദേഹം പറഞ്ഞു. അക്രമത്തിന് ഇരയായവർക്ക് പോലും പരാതിയുമായി ചെല്ലാൻ പറ്റാതായതായി അധഃഹെഹം കൂട്ടിച്ചേർത്തു.

ഇതിനിടെ സംഭവത്തിൽ പ്രതിയായ കൊരട്ടി സ്വദേശിയായ ഡ്രൈവർ മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്തു നടിയുടെ കാറോടിച്ചിരുന്നത് ഇയാളായിരുന്നു. നടിയുടെ മുൻ ഡ്രൈവറായ പൾസർ സുനിയെന്ന സുനിൽകുമാറാണ് കേസിലെ മുഖ്യപ്രതിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇയാളാണു തനിക്കു പകരം ‍ഡ്രൈവറായി മാർട്ടിനെ നിർദേശിച്ചത്.

മാല മോഷണം, കവർച്ച തുടങ്ങിയ കേസുകളിൽ പ്രതിയാണു പെരുമ്പാവൂർ സ്വദേശിയായ സുനിൽകുമാർ. ഇന്നലെ രാത്രിതന്നെ നടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. മാർട്ടിനും സുനിൽകുമാറും തമ്മിൽ നാൽപ്പതിലേറെത്തവണ ഫോൺ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാർട്ടിൻ പലവട്ടം സുനിയുമായി ഫോണിൽ സംസാരിച്ചതിനു തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കു ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

You might also like

Most Viewed