കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ കമ്മ്യൂണിസ്റ്റ് മനസ്സുള്ളവർക്ക് കഴിയില്ല: പന്ന്യൻ രവീന്ദ്രൻ
ആലപ്പുഴ: പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത സംഭവത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ രംഗത്ത്. കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കാൻ കമ്മ്യൂണിസ്റ്റ് മനസ്സുള്ളവർക്ക് കഴിയില്ലെന്ന് പന്ന്യൻ പറഞ്ഞു. കമ്മ്യൂണിസം ഫാഷനായി കൊണ്ടു നടക്കുന്നവർക്ക് മാത്രമെ അതിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണപിള്ളയുടെ സ്മാരകം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പന്ന്യൻ.
ക്രൂരത മനസിലുള്ളവർക്ക് മാത്രമെ പ്രതിമ തകർക്കാനാവു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വരുന്നവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകാൻ പാർട്ടികൾ തയ്യാറാവണം. സ്വയം വിമർശനപരമായി ആ കാര്യങ്ങൾ ചെയ്യാമെന്ന് തീരുമാനിക്കുകയാണ് വേണ്ടത്. സ്മാരകം തകർത്തവർക്കു നേരെ യാതൊരു ദയയും കാണിക്കാതെ നടപടി എടുക്കണമെന്നും പന്ന്യൻ ആവശ്യപ്പെട്ടു.