ആദിവാസി യുവാവിന് പണവും ഓട്ടോറിക്ഷയും പാരിതോഷികമായി നല്‍കി വൃക്ക തട്ടിയെടുത്തു

തൊടുപുഴ: ആദിവാസി യുവാവിന് പണവും ഓട്ടോറിക്ഷയും പാരിതോഷികമായി നല്‍കി വൃക്ക തട്ടിയെടുത്തു. ഇടുക്കി മണിയാറന്‍കുടിയിലെ മേസ്തിരി പണിക്കാരനായ ഈട്ടിച്ചുവട്ടില്‍ തങ്കച്ചന്‍ (42) ന്റെയാണ് വൃക്ക നഷ്ടപ്പെട്ടത്. രഹസ്യമായി നടത്തിയ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ അടുത്ത ബന്ധുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. ഈ മേഖലയിലെ ആറ് ആദിവാസികളില്‍ നിന്ന് വൃക്ക തട്ടിയെടുത്തതായി ആദിവാസിക്ഷേമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ വച്ചാണ് തങ്കച്ചന്റെ വൃക്ക മറ്റൊരാള്‍ക്കായി നീക്കം ചെയ്തത്. പ്രതിഫലമായി 50,000 രൂപയും പഴയ ഓട്ടോറിക്ഷയുമാണ് നല്‍കിയത്.രണ്ടുമാസങ്ങള്‍ക്കുമുമ്പ് മലപ്പുറം സ്വദേശിയായ ഇടനിലക്കാരന്‍ മുഖേനയാണ് വൃക്ക കൈമാറ്റം ചെയ്തത്. കമറുദ്ദീന്‍ എന്ന പേരില്‍ അറിയപ്പെടുന്നയാള്‍ മേസ്തിരിപ്പണിക്കായി തങ്കച്ചനെ കൂട്ടിക്കൊണ്ടുപോയെന്നും കമറുദ്ദീന്റെ മുതലാളിയെന്നറിയപ്പെടുന്നയാള്‍ക്കുവേണ്ടി വൃക്ക നല്‍കിയെന്നുമാണ് പ്രാഥമിക വിവരം.എന്നാല്‍, ഇതുസംബന്ധിച്ച് തങ്കച്ചനും ഭാര്യ ഓമനയും നല്‍കുന്ന വിവരങ്ങളില്‍ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. ചികിത്സാ സംബന്ധമായ യാതൊരു രേഖകളും തങ്കച്ചന്റെ പക്കല്‍ ഇല്ല. വൃക്ക നീക്കം ചെയ്തശേഷം ചെയ്യേണ്ട തുടര്‍പരിശോധനകള്‍ക്ക് വിധേയനായിട്ടില്ല.
മുരിക്കാശേരി, ചെറുതോണി മേഖലകളില്‍ മേസ്തിരിപ്പണിക്ക് പോയിരുന്ന തങ്കച്ചന്‍ മലപ്പുറത്ത് ജോലിക്ക് പോയതായോ തൃശൂരില്‍ ശസ്ത്രക്രിയക്ക് വിധേയനായതോ അടുത്ത ബന്ധുക്കള്‍ പോലും അറിഞ്ഞില്ലെന്നതു ദുരൂഹതയുണര്‍ത്തുന്നുണ്ട്.
ഇടുക്കിയിലെ ആദിവാസി കുടികള്‍ കേന്ദ്രീകരിച്ച് ആറോളം പേരുടെ വൃക്ക തട്ടിയെടുത്തെന്നാണ് ആദിവാസി ദളിത് സംഘടനാ പ്രവര്‍ത്തകനും ദളിത് വിഭാഗ സംരക്ഷക സമിതി അംഗവുമായ ജോണി വള്ളിക്കുന്നേല്‍ ആരോപിക്കുന്നത്.