പാകിസ്താൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന നോട്ടീസ് പിൻവലിച്ചു

പാകിസ്താൻ പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പൊലീസ് പിൻവലിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് തീരുമാനം. മൂന്നുപേർക്കാണ് കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ നോട്ടീസ് നൽകിയത്. കൊയിലാണ്ടി സ്വദേശി ഹംസ, വടകര സ്വദേശി കുഞ്ഞിപ്പറമ്പത്ത് ഖമറുന്നിസ, സഹോദരി അസ്മ എന്നിവർക്കാണ് നോട്ടീസ് നൽകിയിരുന്നത്.
കേരളത്തിൽ ജനിച്ച ഹംസ, തൊഴിൽപരമായ ആവശ്യങ്ങൾക്കായി പാകിസ്താനിലേക്ക് പോയതിന് ശേഷമാണ് പാക്ക് പൗരത്വം സ്വീകരിച്ചത്. 1965-ലാണ് ഹംസ പാകിസ്താനിലേക്ക് പോയത്. കറാച്ചിയിൽ കട നടത്തിയിരുന്ന സഹോദരനൊപ്പം ജോലി ചെയ്യുകയും അവിടെ തങ്ങുകയുമായിരുന്നു. പിന്നീട് പാകിസ്താൻ–ബംഗ്ലാദേശ് വിഭജനത്തിന് ശേഷം പാസ്പോട്ട് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹംസ പാക് പൗരത്വം നേടിയത്.
പിന്നീട് 2007-ൽ ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഹംസ ഇന്ത്യയിലേക്ക് വന്നത്. തുടർന്ന് പലതവണ പൗരത്വത്തിനായി അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. നിലവിൽ പാകിസ്താൻ പാസ്പോർട്ട് പോലും ഹംസയുടെ കൈവശമില്ല. ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു ഹംസ.
പേരാമ്പ്ര, കൊയിലാണ്ടി, വടകര സ്വദേശികളായ അഞ്ചുപേർക്കായിരുന്നു രാജ്യം വിടാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്. താമസ അനുമതി രേഖകളുമായി ഞായറാഴ്ച പൊലീസ് സ്റ്റേഷനിൽ എത്താനായിരുന്നു ഇവർക്ക് ലഭിച്ച നോട്ടീസിൽ നിർദേശിച്ചിരുന്നത്.
drsdfzxdfs