കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകര്‍ പിടിയില്‍


കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. ഇന്ന് വെളുപ്പിന് രണ്ടുമണിക്ക് രഹസ്യ വിവരത്തെത്തുടര്‍ന്ന് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഇവര്‍ പിടിയിലായത്.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയ ആളെക്കുറിച്ച് എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

അതേസമയം കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലഹരിയില്‍ വലിപ്പ - ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ഇവര്‍ ഫ്‌ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. ഷൈന്‍ ടോം ചാക്കോ വിവാദത്തിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

article-image

aa

You might also like

Most Viewed