ഈസ്റ്റര്‍ കണക്കിലെടുത്ത് യുക്രൈനില്‍ തല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

ഈസ്റ്റര്‍ കണക്കിലെടുത്ത് യുക്രൈനില്‍ തല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ശനിയാഴ്ച്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രിവരെയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതുസംബന്ധിച്ച് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റഷ്യയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ യുക്രൈന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യന്‍ സൈനിക മേധാവി വലേറി ഗെരസിമോവുമായുളള സംഭാഷണത്തിനിടെ ടെലിവിഷനിലൂടെയാണ് പുടിന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷികമായ പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതെന്നും റഷ്യയുടെ മാതൃക യുക്രൈനും പിന്തുടരണമെന്നും പുടിന്‍ പറഞ്ഞു.
'വെടിനിര്‍ത്തല്‍ കാലയളവിലെ യുക്രൈന്റെ നടപടികള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനുളള അവരുടെ താല്‍പ്പര്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കും. യുക്രൈന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ സമയത്ത് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ റഷ്യന്‍ സൈന്യം സജ്ജമാണ്'- പുടിന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള ഫോണ്‍ സംഭാഷണത്തിന് പിന്നാലെ യുക്രൈനിലെ ഊര്‍ജ്ജവിതരണ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണം 30 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ പുടിന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ യുക്രൈന്‍ ധാരണ ലംഘിക്കുകയാണെന്നും അന്ന് റഷ്യ ആരോപിച്ചു.
juiouyiygiuuygi