തല ആകാശത്ത് കാണേണ്ടി വരും’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി നേതാവ്, തലയാണ് വേണ്ടതെങ്കിൽ നീട്ടി വച്ചു കൊടുക്കുമെന്ന് മറുപടി


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും കാല് തറയിലുണ്ടാവില്ലെന്നും ഭീഷണി മുഴക്കി.

പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമാക്കിയ നടപടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് വീണ്ടും ഭീഷണി. നേരത്തെ ഡിസിസി ഓഫീസ് മാർച്ചിലും രാഹുലിനെതിരെ ഭീഷണി മുഴക്കിയിരുന്നു. നൈപുണ്യ വികസന കേന്ദ്രത്തിനെതിരായ നീക്കമാണ് എംഎൽഎയുടേതെന്നും ഭിന്നശേഷി വിദ്യാർഥികളെ അപമാനിക്കുകയാണ് എംഎൽഎയെന്നും വ്യക്തമാക്കിയാണ് ബിജെപി ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

അതേസമയം, ബിജെപി ഭീഷണിക്ക് നേരെ രാഹുൽ മാങ്കൂട്ടത്തിലും മറുപടിയുമായി എത്തി. എന്റെ കാല് വെട്ടാനുള്ള പാങ്ങ് ബിജെപിക്കില്ല. ഇപ്പോഴും കാലുകുത്തിയാണ് നടക്കുന്നതെന്നും തലയാണ് വേണ്ടതെങ്കിൽ തല നീട്ടിവെച്ച് കൊടുക്കുമെന്നും എന്നാലും മാപ്പ് പറയാനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മറുപടി പറഞ്ഞു. ഭിന്നശേഷി പദ്ധതിക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സമരം ചെയ്ത സിപിഐഎമ്മും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ബിജെപി അതിവൈകാരികത കുത്തിയിളക്കുകയാണെന്നും നൈപുണ്യ കേന്ദ്രത്തിന് ഡോ. ഹെഡ്ഗേവാറിന്റെ പേര് നൽകാൻ അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

article-image

ew

You might also like

Most Viewed