നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയുണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഏക പ്രതി. ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.