ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 1,800 കോടി വിലവരുന്ന മയക്കുമരുന്ന് പിടികൂടി


അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. 1,800 കോടി രൂപ വിലവരുന്ന 300 കിലോ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഗുജറാത്ത് തീരത്തിനടുത്തുളള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍നിന്ന് എടിഎസുമായി ചേര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കണ്ടയുടന്‍ അനധികൃത ചരക്ക് ഉപേക്ഷിച്ച് കളളക്കടത്തുകാര്‍ സമുദ്രാതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു. കടലില്‍ നിന്ന് കണ്ടെടുത്ത ലഹരിമരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളം മയക്കുമരുന്ന് റാക്കറ്റുകള്‍ തകര്‍ക്കുന്നതിനുളള പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12,13 തീയതികളിലായി നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മെത്തഫിത്തമിനാണ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് ചരക്ക് വന്നതെന്നും മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നുമാണ് അധികൃതര്‍ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇന്ത്യയിലുടനീളം എന്‍സിബിയും പൊലീസും 2024ല്‍ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. 2004നും 2014നുമിടയില്‍ 3.64 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 2014 മുതല്‍ 2014 വരെയുളള 10 വര്‍ഷത്തിനുളളില്‍ ഇത് ഏഴ് മടങ്ങ് വര്‍ധിച്ച് 24 ലക്ഷം കിലോഗ്രാമായി മാറി. 2004നും 2014നും ഇടയില്‍ പിടിച്ചെടുത്ത് നശിപ്പിച്ച ലഹരിമരുന്നുകളുടെ മൂല്യം 8150 കോടിയായിരുന്നു. ഇത് കഴിഞ്ഞ പത്തുവര്‍ഷത്തിനുളളില്‍ 56,861 കോടി രൂപയായി ഉയർന്നു.

article-image

aa

You might also like

Most Viewed