പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ കേസെടുത്തു

പ്രിയങ്ക ഗാന്ധി എംപിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച യുവാവിനെതിരെ കേസെടുത്തു. തൃശ്ശൂർ എളനാട് സ്വദേശി അനീഷ് എബ്രഹാമാണ് വാഹനവ്യൂഹത്തിനിടെ കാർ കയറ്റി തടസമുണ്ടാക്കിയത്. പോലീസ് ഇടപെട്ട് വാഹനം മാറ്റിയപ്പോൾ യുവാവ് പോലീസിന് നേരെ തട്ടിക്കയറുകയും ചെയ്തു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ടിച്ചതിന് അനീഷിനെതിരെ മണ്ണുത്തി പോലീസ് കേസെടുത്തു. വാഹന വ്യൂഹത്തിന് അപകടം ഉണ്ടാക്കാൻ ശ്രമിച്ചു, പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി. ഞങ്ങള്‍ക്ക് വണ്ടി ഓടിക്കേണ്ടയെന്നും താന്‍ ആരെയും ഒന്നും ചെയ്തില്ലെന്നും യുവാവ് പൊലീസിനോട് പറയുന്നത് ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാന്‍ കഴിയും. അതേസമയം ബോധപൂര്‍വം വാഹനം ഓടിച്ചുകയറ്റിയെന്നാണ് പൊലീസ് പറയുന്നത്.
വണ്ടൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്നു വയനാട് എംപിയായ പ്രിയങ്ക ഗാന്ധി. ഇതിനിടയിലാണ് യുവാവ് വഹനവ്യൂഹത്തെ തടസ്സപ്പെടുത്തിയത്. തൃശൂര്‍ പിന്നിട്ട് മണ്ണുത്തിക്ക് അടുത്ത് എത്തുമ്പോഴായിരുന്നു യുവാവ് വഹാനം തടസ്സപ്പെടുത്തിയത്. മുന്നില്‍ പോയ പൈലറ്റ് വാഹനം അനീഷിന്റെ വാഹനത്തിന് പിന്നിലെത്തി കുറേ നേരം ഹോണ്‍ മുഴക്കിയിരുന്നു. എന്നാല്‍ അനീഷ് വാഹനം മാറ്റി നല്‍കിയില്ല. കുറച്ച് നേരം കഴിഞ്ഞ് പൈലറ്റ് വാഹനം കടന്നുപോകാനായി സൈഡ് നല്‍കി. തുടര്‍ന്ന് പൈലറ്റ് വാഹനം കടന്നുപോയതിന് പിന്നാലെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
വാണിയംപാറയിലേക്കായിരുന്നു അനീഷിന് പോകേണ്ടിയിരുന്നത്. എന്നാല്‍ ബോധപൂര്‍വം വാഹനവ്യൂഹത്തിന് തടസ്സം സൃഷ്ടിച്ച് മണ്ണുത്തി ജംഗ്ഷനില്‍ ഗതാഗത തടസം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് അനീഷിന്റെ വാഹനം ബലമായി മാറ്റിയത്. പിന്നീട് പ്രിയങ്ക ഗാന്ധിയുടെ വാഹനം കടത്തിവിട്ടു. തുടര്‍ന്നാണ് യുവാവ് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചത്.
താന്‍ വലിയ വ്ലോഗര്‍ ആണെന്നും നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടെന്നും തന്റെ വാഹനം തടസപ്പെടുത്തിയ പൊലീസിന്റെ നടപടി ചിത്രീകരിച്ച് പ്രചരിപ്പിക്കുമെന്നും യുവാവ് പൊലീസിനോട് പറയുന്നുണ്ട്.
adsdfdsfds