ഇന്ത്യയിൽ ഈവർഷം മൂന്നു വിമാനക്കമ്പനികൾ കൂടി; രണ്ടെണ്ണം കേരളം ആസ്ഥാനമായ കമ്പനികൾ

രാജ്യത്ത് ഈ വർഷം പുതുതായി മൂന്ന് വിമാനക്കമ്പനികൾ കൂടി പ്രവർത്തനം ആരംഭിക്കും. ശംഖ് എയർ, എയർ കേരള, അൽഹിന്ദ് എന്നിവയാണ് പുതിയ എയർലൈൻ കമ്പനികൾ. ഇതിൽ രണ്ടെണ്ണം കേരളം ആസ്ഥാനമായ കമ്പനികൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. ഇവ മാസങ്ങളുടെ വ്യത്യാസത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ വ്യോമയാന മേഖല അഭൂതപൂർവമായ വളർച്ച കൈവരിക്കും എന്നാണ് വിലയിരുത്തൽ. മൂന്ന് വിമാന കമ്പനികൾക്കും 2024-ൽ തന്നെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള അന്തിമ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റുകൾക്കായി (എഒസി) കാത്തിരിക്കുകയാണ്.
ഉത്തർപ്രദേശ് ആസ്ഥാനമായ ശംഖ് എയർ നോയിഡ ജെവാർ അന്താരഷ്ട്ര വിമാനത്താവളത്തിൽ നിന്നായിരിക്കും സർവീസ് നടത്തുക. ലകോനോ, വാരാണസി, ഗോരഖ്പുർ, ഡൽഹി, മുംബൈ, ബംഗളുരു തുടങ്ങിയവ ആയിരിക്കും പ്രാരംഭ റൂട്ടുകൾ. രാജ്യത്തെ ആദ്യ അൾട്രാ ലോ- കോസ്റ്റ് കാരിയർ ആകാനാണ് എയർ കേരള ലക്ഷ്യമിടുന്നത്. ഈ വർഷം തന്നെ ആഭ്യന്തര സർവീസുകളും 2026 ൽ അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനാണ് പദ്ധതി. സംസ്ഥാന സർക്കാർ ആദ്യം വിഭാവനം ചെയ്ത ഈ സ്വകാര്യ സംരംഭം യുഎഇ ആസ്ഥാനമായ സംരഭകരായ അഫി അഹമ്മദ്, അയൂബ് കല്ലട എന്നിവർ സ്ഥാപിച്ച സെറ്റ് ഫ്ലൈ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലായിരിക്കും പ്രവർത്തിക്കുക. കോഴിക്കോട് ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പ് ഒഫ് ടൂർസ് ആൻ്റ് ട്രാവൽ ഏജൻസിയാണ് അൽഹിന്ദ് എയർ എന്ന പേരിൽ എയർലൈനായി ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് പ്രാരംഭ ഘട്ടത്തിൽ ഇവർ രണ്ട് അഭ്യന്തര വിമാന സർവീസുകൾ നടത്തും. തുടർന്ന് വിമാനങ്ങളുടെ എണ്ണം ഒരു വർഷത്തിനുള്ളിൽ ഏഴായി ഉയർത്തും. രണ്ട് വർഷത്തിനുള്ളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാനുമാണ് അൽഹിന്ദിന്‍റെ പദ്ധതി.
DSDSADFSSDF