സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി അംഗീകരിച്ച് ഉത്തരവായി


വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ മാർഗരേഖ അംഗീകരിച്ച് സർക്കാർ ഉത്തരവായി. പഠന നിലവാരം വിലയിരുത്താൻ അടുത്ത അധ്യയനവർഷം മുതൽ നാഷനൽ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയിൽ മൂന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിൽ സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്) ഉൾപ്പെടെയുള്ളവ മാർഗരേഖയിൽ ഉൾപ്പെടുന്നു. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളിൽ കുട്ടികളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷ രീതിയിലായിരിക്കും സർവേ. ജൂൺ മുതൽ ഡിസംബർ വരെയുള്ള സമയത്ത് ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കും. സർവേ ഫലത്തെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ വിദ്യാർഥികൾക്ക് പഠനപിന്തുണ പ്രവർത്തനങ്ങൾ നടത്തും. സ്കൂളുകൾക്ക് ഗ്രേഡിങ് നടപ്പാക്കാനുള്ള നിർദേശം നടപ്പാക്കാനും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയിൽ നിർദേശിക്കുന്നുണ്ട്. ഇതിനായി കോളജ്, സർവകലാശാലകളുടെ റാങ്കിങ് നിശ്ചയിക്കുന്ന എൻ.ഐ.ആർ.എഫ് റാങ്കിങ് രീതിയിലുള്ള മാനദണ്ഡങ്ങൾ കൊണ്ടുവരാനും പദ്ധതി നിർദേശിക്കുന്നു.

ആദ്യം സ്കൂളുകൾക്ക് സ്വയം വിലയിരുത്താനും പിന്നീട് ബാഹ്യവിലയിരുത്തലിനുമുള്ള രീതിയായിരിക്കും കൊണ്ടുവരുന്നത്. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട ശേഷികൾ പട്ടികയാക്കി പ്രദർശിപ്പിക്കുകയും അതുവഴി പൊതുസമൂഹത്തിന് സോഷ്യൽ ഓഡിറ്റിങ്ങിനുള്ള അവസരവും ഒരുക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. നിശ്ചിത ഇടവേളകളിൽ കുട്ടികളെ വിലയിരുത്താനുള്ള ആത്യന്തിക വിലയിരുത്തലും കുട്ടിയെ തുടർച്ചയായി പിന്തുടർന്ന് നില തിരിച്ചറിയുന്ന വികാസപ്രദ വിലയിരുത്തലും ഉത്തരവിൽ നിർദേശിക്കുന്നു. വിലയിരുത്തൽ പരിഷ്കരണത്തിന് ഓപൺ ബുക്ക് പരീക്ഷ, ഓൺലൈൻ പരീക്ഷ, വീട്ടിൽവെച്ച് എഴുതാവുന്ന പരീക്ഷ, സ്വയം ചെയ്യേണ്ട പ്രൊജക്ട്, ശിൽപശാല പങ്കാളിത്തം, അഭിമുഖം, സെമിനാർ, തുറന്ന ചോദ്യാവലി, വാചിക പരീക്ഷ എന്നിവ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

article-image

defsfsgs

You might also like

Most Viewed