താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം; തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂൺ ഉടമ

താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണമെന്ന് മുംബൈയിലെ സലൂൺ ഉടമ ലൂസി. സന്ദീപ് വാര്യർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കുട്ടികളെയോ അവരോടൊപ്പം വന്ന യുവാവിനെയോ നേരത്തെ അറിയില്ലെന്നും സലൂൺ ഉടമ വ്യക്തമാക്കി.
തനിക്കും ഭർത്താവിനും എതിരെ ഒരു കേസും ഉണ്ടായിട്ടില്ല. തെളിവ് കാണിക്കാൻ വെല്ലുവിളിക്കുന്നു. ഇടക്കാലത്ത് കട അടച്ചിട്ടത് നവീകരണ പ്രവർത്തികൾക്കായി. അല്ലാതെ ആരും പൂട്ടിച്ചിട്ടില്ലെന്നും ലൂസി പറഞ്ഞു.
അതേസമയം താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്‍റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് അന്വേഷിച്ചത്.
കൊവിഡിന് ഒന്നരവർഷം മുമ്പ് ഈ സ്ഥാപനത്തിനെതിരെ മുംബൈ പോലീസിന്‍റെ എന്തെങ്കിലും നടപടി വന്നിരുന്നോ എന്ന് അന്വേഷിക്കണം. എന്തുകൊണ്ടാണ് പേര് മാറ്റി ഈ സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിക്കേണ്ടി വന്നതെന്നും സന്ദീപ് ചോദ്യം ഉന്നയിച്ചു. പാലാരിവട്ടംകാരനായ ഒരാളുടെ സലൂൺ ആണിത്. അറിഞ്ഞ വിവരങ്ങൾ പൊലീസിന് നൽകാൻ തയാറാണ്. മാധ്യമങ്ങൾ ആരെയും അന്ധമായി വിശ്വസിക്കരുതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേർത്തു.
xvx