പിണറായി മുഖ്യമന്ത്രിയായത് ബിജെപിയുടെ ഔദാര്യത്തിൽ’ പിണറായിയെ ആര്‍എസ്എസ് പ്രചാരക് ആക്കണം; കെ സുധാകരന്‍


മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്. ബിജെപിയുടെ ഔദാര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെയുള്ള എല്ലാ അഴിമതിക്കേസുകളും ബിജെപിയുമായി ധാരണയുണ്ടാക്കി മൂടിവച്ചു. ഇന്ത്യാസഖ്യത്തിനെതിരേ ബിജെപിയുടെ അഞ്ചാംപത്തിയായി പ്രവര്‍ത്തിച്ചു.

സഖ്യത്തിനുവേണ്ടി ഒരിടത്തും പ്രചാരണത്തിനിറങ്ങാത്ത ഏക ബിജെപിയിതര മുഖ്യമന്ത്രി പിണറായി വിജയനാണ്. അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും നായയ്ക്കു മുറുമുറുപ്പ് എന്ന മട്ടിലാണ് ഇപ്പോള്‍ സിപിഎം കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. മോദിയെയോ ബിജെപിയെയോ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ സിപിഎം തയാറല്ല. അതിന് കേരള മുഖ്യമന്ത്രി അനുവദിക്കില്ല. സിപിഐഎം എന്നു പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പിണറായി വിജയനായിട്ട് നാളേറെയായി. സിപിഐഎം പോളിറ്റ്ബ്യൂറോ, ദേശീയ ജനറല്‍ സെക്രട്ടറി, കേന്ദ്രകമ്മിറ്റി എന്നൊക്കെ പറയുന്നത് അലങ്കാരത്തിനപ്പുറം ഒന്നുമില്ല.

ഡല്‍ഹിയില്‍ 6 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് നോട്ടയ്ക്കും താഴെ .4 ശതമാനം വോട്ടാണ് ലഭിച്ചത്. ദശാബ്ദങ്ങള്‍ ഭരണത്തിലിരുന്ന പശ്ചിമ ബംഗാളില്‍ ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിപ്പോയി. ഹരിയാനിയില്‍ കോണ്‍ഗ്രസാണ് സിപിഐഎമ്മിന് ഒരു സീറ്റ് നല്കിയത്. പിണറായി വിജയന്‍ സ്തുതിച്ച ആം ആദ്മി പാര്‍ട്ടി ഒരു സീറ്റുപോലും നല്കിയില്ല. തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം വച്ചാണ് സിപിഐഎം വോട്ടുപിടിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1.76 ശതമാനം മാത്രം വോട്ടു നേടിയ സിപിഐഎം ആണ് രാജ്യത്ത് ബിജെപിയെ നേരിടുന്നതെന്നാണ് പിണറായി വിജയന്‍ പറയുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി.

article-image

ADADSWFADFSWAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed