നവീൻ ബാബുവിന്റെ മരണം: CBI അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളി

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ഹർജി തള്ളിയത്. നിലവിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും പ്രത്യേക അന്വേഷണ സംഘത്തെ മാറ്റേണ്ടതില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആവശ്യം ഹൈക്കോടതി അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കോടതി വിധിയിൽ ദുഃഖമുണ്ട്. ആലോചിച്ച് അടുത്ത തീരുമാനമെടുക്കുമെന്നും മഞ്ജുഷ വ്യക്തമാക്കി.
പൊലീസിൽ നിന്ന് നീതി കിട്ടാത്തതുകൊണ്ടാണ് കോടതിയിൽ പോയതെന്ന് മഞ്ജുഷ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തെ വിശ്വാസമില്ല. പ്രധാന പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്നും മഞ്ജുഷ ആരോപിച്ചു. സഹായിക്കുന്നവരെ തളർത്താനാണ് ശ്രമിക്കുന്നത്. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ വഴി അപവാദപ്രചരണം നടത്തുന്നതെന്ന് മഞ്ജുഷ പറഞ്ഞു.
saddsfdsafads