യു.എസ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രായേൽ

റമദാൻ മാസത്തിൽ മുഴുവൻ വെടിനിർത്തൽ പ്രാബല്യത്തിലാക്കുമെന്ന യു.എസ് മുന്നോട്ടുവെച്ച കരാർ അംഗീകരിച്ച് ഇസ്രായേൽ. പഴയ കരാറിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് യു.എസ് പുതിയത് മുന്നോട്ടുവെച്ചതും ഇസ്രായേൽ അത് അംഗീകരിച്ചതും. അതേസമയം, യു.എസ് മുന്നോട്ടുവെച്ച കരാറിനോട് ഹമാസ് പ്രതികരിച്ചിട്ടില്ല. പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുമ്പോൾ ബന്ദികളിൽ പകുതി പേരെ ഹമാസ് വിട്ടയക്കണമെന്നാണ് വ്യവസ്ഥ. ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇത്തരത്തിൽ വിട്ടയക്കണമെന്ന് വ്യവസ്ഥയുണ്ട്. ബാക്കിയുള്ളവരെ അന്തിമ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷം വിട്ടയച്ചാൽ മതിയാകും.
അതേസമയം റമദാനിൽ വീണ്ടും യുദ്ധം തുടങ്ങുമോയെന്നാണ് ഗസ്സ നിവാസികളുടെ ആശങ്ക. ഗസ്സ യുദ്ധത്തിൽ ഇതുവരെ 48,388 മരിച്ചുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 111,803 പേർക്കാണ് പരിക്കേറ്റത്. ആയിരക്കണക്കിന് ഫലസ്തീനികളെ കാണാതായിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലുകള്‍ തങ്ങളുടെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് തടയുമെന്ന് ദക്ഷിണാഫ്രിക്ക, മലേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. മൂന്ന് രാജ്യങ്ങളിലേയും ഭരണകര്‍ത്താക്കളാണ് ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ‘ഇസ്രായേലിലേക്ക് സൈനിക സാമഗ്രികൾ കൊണ്ടുപോകുന്ന കപ്പലുകൾ ഞങ്ങളുടെ തുറമുഖങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങൾ തടയും. മാനുഷിക നിയമങ്ങളുടെ കൂടുതൽ ലംഘനങ്ങൾ സാധ്യമാക്കുന്ന എല്ലാ ആയുധ കൈമാറ്റങ്ങളും ഞങ്ങൾ തടയും’ -ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ എന്നിവർ ഈ ആഴ്ച ഫോറിൻ പോളിസി മാഗസിൻ പ്രസിദ്ധീകരിച്ച സംയുക്ത ലേഖനത്തിൽ കുറിച്ചു.
FXDFXHF