മാർക്കോ പോലുള്ള സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നു; രമേശ് ചെന്നിത്തല

മാർക്കോ പോലുള്ള സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വയലൻസ് പ്രോത്സാഹിപ്പിക്കുന്ന സിനിമകളാണ് പ്രധാന കാരണം. മാർക്കോ പോലുള്ള സിനിമകൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ എന്നീ സിനിമകൾ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെങ്കിലും സർക്കാർ നിഷ്ക്രിയരായി തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊല ചെയ്ത പ്രതി അഫാന് പ്രേരണയായത് സിനിമയിലെ വയലൻസ് രംഗങ്ങൾ കൂടിയാണെന്ന വ്യാഖ്യാനമാണ് ചെന്നിത്തല പരോക്ഷമായി ഉയർത്തിയത്. കേരളത്തിൽ അടുത്തകാലത്ത് നടന്ന കൊലപാതകങ്ങൾക്ക് സിനിമയിലെ വയലൻസിനുൾപ്പടെ പങ്കുണ്ടെന്ന സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ചെന്നിത്തല.
അതേസമയം ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പൊലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. സമരത്തിൽ പങ്കെടുത്ത 14 പൊതുപ്രവർത്തകർ പോലീസിന് മുന്നേ ഹാജരാകണമെന്നാവശ്യപ്പെട്ടു നൽകിയ നോട്ടീസ് പിണറായി സർക്കാരിൻറെ ഫാസിസത്തിന്റെ ലക്ഷണമാണ്.
ഇത്തരം വിരട്ടലുകൾ കൊണ്ട് കേരളത്തിൻറെ പൊതുസമൂഹത്തിൽ ആശാവർക്കർമാർക്ക് അനുകൂലമായി രൂപപ്പെട്ട വികാരത്തെ അടിച്ചമർത്താനാവില്ല. യുഡിഎഫ് ഈ പൊതുപ്രവർത്തകർക്കും ആശാവർക്കർമാർക്കും ഒപ്പമുണ്ട്. ജനാധിപത്യ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ ജനതയെ ഭീഷണിപ്പെടുത്തിക്കൊണ്ട് കിരാതഭരണം നടപ്പാക്കാൻ നടപ്പാക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ ശക്തമായി പൊരുതുക തന്നെ ചെയ്യും. ഈ പാവപ്പെട്ട സ്ത്രീകളെ വിളിച്ചുവരുത്തി അവരുടെ ആവശ്യങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
XZSXSXSAaA