ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ ഉപരോധം; എം.വി ജയരാജൻ ഒന്നാം പ്രതി

കണ്ണൂർ: ഹെഡ്പോസ്റ്റ് ഓഫിസിനു മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജനാണ് ഒന്നാം പ്രതി. കെ.വി.സുമേഷ് എം.എൽ.എ ഉൾപ്പെടെ കണ്ടാലറിയുന്ന നിരവധിപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്. വഞ്ചിയൂരിൽ ഗതാഗതം തടസ്സപ്പെടുത്തി ഏരിയ സമ്മേളനം നടത്തിയതിന്റെ പേരിലുള്ള കേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് കണ്ണൂരിൽ റോഡ് കൈയേറി സി.പി.എം ഉപരോധ സമരം നടത്തിയത്. ‘കേരളമെന്താ ഇന്ത്യയിൽ അല്ലേ’ എന്ന ചോദ്യമുയർത്തി സി.പി.എം കണ്ണൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധത്തിന്റെ ഭാഗമായാണ് റോഡിൽ പന്തൽ ഒരുക്കിയത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഹെഡ് പോസ്റ്റ് ഓഫിസിനോട് ചേർന്ന് വേദിയും തൊട്ടുമുന്നിലെ റോഡിൽ പന്തലിട്ട് കസേരയും നിരത്തിയിട്ടാണ് ഉപരോധ സമരം നടത്തിയത്. റോഡ് കൈയേറി പന്തൽ ഒരുക്കിയതിനാൽ ഈ വഴിക്കുള്ള ഗതാഗതം തിരിച്ചുവിട്ടിരുന്നു. പതിനായിരകണക്കിന് പേർ പങ്കെടുക്കുന്ന സമരം നടത്തുമ്പോൾ റോഡിലെ ഗതാഗതം തടസ്സപ്പെടും. കണ്ണൂരിൽ യാത്ര ചെയ്യാൻ വേറെയും റോഡുകളുണ്ട്. എന്നാൽ, ഹെഡ് പോസ്റ്റ് ഓഫിസ് വേറെയില്ല. സമരം നടക്കുമ്പോൾ മറ്റ് വഴികളിലൂടെ ഗതാഗതം തിരിച്ചുവിടുകയെന്നത് എന്തോ വലിയ പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുകയാണ്. ജുഡീഷ്യറിയുടെയും ആ വ്യാഖ്യാനമാണ് തെറ്റ്. ജനങ്ങൾ എവിടെ നിൽക്കും. സമരം ആരും നിരോധിച്ചിട്ടില്ല. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശത്തിൽപെട്ടതാണ്. ഇനി ഇതിന്റെ പേരിൽ ഈ ചൂട് കാലത്ത് വീണ്ടും ജയിലിൽ പോവാൻ തയാറാണെന്നും ജയരാജൻ പറഞ്ഞു.
ജഡ്ജിമാരെ പ്രകോപിപ്പിച്ച് നമ്മളെ അകത്താക്കാൻ എല്ലാ മാധ്യമങ്ങളും ഈ സമരം ചിത്രീകരിച്ചിട്ടുണ്ടെന്നും സമരത്തെ അഭിവാദ്യം ചെയ്ത് എം.വി. ജയരാജൻ ചൂണ്ടിക്കാട്ടി. റോഡ് ഗതാഗതം തടസ്സപ്പെടുത്തി സമരം നടത്തുന്നതിനെതിരെ ഹൈകോടതി വിധി ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ടൗൺ പൊലീസ് സംഘാടകർക്ക് നോട്ടീസ് നൽകിയത്. നേരത്തേയും സമാന രീതിയിൽ പന്തൽ കെട്ടിയപ്പോൾ പാർട്ടിക്കതിൽ പങ്കില്ലെന്നും കരാറുകാർ ചെയ്തത് എന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം.
sdfs