ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ സമരം ചെയ്യും: വീണാ ജോർജ്

ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാമെന്നു മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നുവെന്നും കേന്ദ്രം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. ആശാ വർക്കേഴ്‌സിന് ഏറ്റവും കൂടുതൽ തുക നൽകുന്ന സംസ്ഥാനമാണ് കേരളം. 7000 രൂപയാണ് ഓണറേറിയമായി സർക്കാർ നൽകുന്നത്. എന്നാൽ 1500 രൂപ മാത്രം നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്. ചർച്ചയ്ക്ക് തടസമില്ല. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നു. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. 2023-24ൽ 100 കോടി കേന്ദ്രം നൽകാനുണ്ട്. കേന്ദ്രം നൽകാനുള്ള തുക ആവശ്യപ്പെട്ടതിന് രേഖ ഉണ്ട്. കത്ത് അയച്ചതിന്‍റെ രേഖ ഉണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം ആശാവർക്കർമാരുടെ മഹാസംഗമം സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആശാപ്രവർത്തകരാണ് സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനെത്തിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാപ്രവർത്തകർ കഴിഞ്ഞ പതിനൊന്ന് ദിവസമായി നടന്ന് വരുന്ന സമരം കുടുതൽ കടുപ്പിക്കുന്നതിന് മുന്നോടിയായാണ് മഹാസംഗമം ഇന്ന് നടത്തുന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുകയാണ്. പിഎസ്‌സി അംഗങ്ങളുടെ ശന്പളം വർധിപ്പിക്കാൻ സർക്കാരിന് പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള തുക കുടിശിക വരുത്തിയത് നീതികരിക്കാനാകില്ലെന്നുമാണ് ആശാപ്രവർത്തകർ പറയുന്നത്. ഇന്ന് രാവിലെയോടെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് ആശാപ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിച്ചേർന്നിരുന്നു. സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് പൊരിവെയിലത്ത് ആശാപ്രവർത്തകർ സമരം ചെയ്യുന്നത്. വിവിധ പ്രതിപക്ഷ സംഘടനകൾ ആശാപ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് നടയിലെത്തും. ഇന്ന് പതിനൊന്നാം ദിവസമാണ് സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവര്‍ക്കര്‍മാര്‍ സമരം നടത്തുന്നത്. ഓണറേറിയം തുക കൂട്ടുക, കുടിശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
aASasadsaqsqs