ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

ഒമ്പതാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം. പട്ടം സെന്റ്‌മേരീസ് സ്‌കൂളിലെ അധ്യാപകന്‍ മദനനെതിരെയാണ് പരാതി. കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് അടിച്ചെന്നും കഴുത്തില്‍ പിടിച്ച് മർദിച്ചെന്നുമാണ് പരാതി. ക്ലാസ് ടീച്ചറും മറ്റ് മൂന്ന് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നാല് അധ്യാപകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. മദനൻ, ഷൈജു ജോസഫ് എന്നീ അധ്യാപകരാണ് മർദിച്ചതും മാനസികമായി പീഡിപ്പിച്ചതും എന്ന് പരാതിയിലുണ്ട്. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. തന്നെ നിലത്തേക്ക് തള്ളിയിട്ടെന്നും വീണിട്ടും അടിച്ചെന്നും കുട്ടി പറഞ്ഞു. ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ലെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥി പ്രതികരിച്ചു. ‘താൻ ടോയ്‌ലറ്റില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. അപ്പോഴാണ് യുപി. സ്‌കൂളില്‍ പഠിപ്പിക്കുന്ന മദനന്‍ എന്ന സാറ് വന്ന് പുറകില്‍ അടിക്കുന്നത്’. ‘എന്തിനാണ് സാറേ അടിച്ചതെന്ന് ചോദിച്ചു. അടിച്ചാല്‍ നീയെന്ത് ചെയ്യുമെന്ന് ചോദിച്ച് പിന്നെയും അടിച്ചു. ഇനി ദേഹത്ത് തൊട്ടാല്‍ ഞാന്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. അപ്പോള്‍ എന്റെ കോളറില്‍ പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. നടുവടിച്ച് ഞാന്‍ വീണു. നിലത്ത് കിടക്കുന്ന എന്നെ വീണ്ടും അടിച്ചു. അവസാനത്തെ പിരീയഡായപ്പോള്‍ എന്നെ പഠിപ്പിക്കാത്ത ഷൈജു ജോസഫെന്ന മലയാള അധ്യാപകന്‍ താഴേക്ക് വിളിപ്പിച്ചു. മദനന്‍ സാറും ഷൈജു സാറും നില്‍പ്പുണ്ടായിരുന്നു. നീ നല്ല സാറുമാരെ കണ്ടിട്ടില്ല, നിന്റെ ചെകിട് അടിച്ച് പൊളിക്കുകയാണ് വേണ്ടത്, നിന്നെ പോലെയുള്ളവരെ ഭൂമിക്ക് മുകളില്‍ വെച്ചേക്കില്ല’ എന്ന് പറഞ്ഞ് ഷൈജു സാറ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു.
അനധികൃതമായി ഫീസ് വാങ്ങിയത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് വിദ്യാർഥിയുടെ പിതാവും പ്രതികരിച്ചു. സംഭവത്തിന് ശേഷം മകന്റെ പഠനം മുടങ്ങിയ അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പരാതി ലഭിച്ചതിനെ തുടര്‍ന്ന് അധ്യാപകനായ മദനനെ സസ്‌പെന്റ് ചെയ്‌തതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു.
wddadfsdsdfvx