പ്രണയങ്ങള്‍ ഊഷ്മളമാകണം, അവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണം‘; പ്രണയദിനത്തില്‍ പ്രതിപക്ഷ നേതാവ്

പ്രണയദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രണയിക്കാനും തിരസ്‌കരിക്കാനുമുള്ള അവകാശം വ്യക്തി സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറയുന്നു. പ്രണയം നിരസിക്കപ്പെടുന്നതും തിരസ്‌കൃതനാക്കപ്പെടുന്നതും വേദനാജനകമായിരിക്കും. പക്ഷേ അതിനുള്ള അവകാശവും സ്വതന്ത്ര്യവും മറ്റേയാള്‍ക്കും ഉണ്ടെന്ന് തിരിച്ചറിയുക എന്നും അദ്ദേഹം കുറിച്ചു. പ്രണയത്തിനും ഒരു രാഷ്ട്രീയമുണ്ടെന്നും അത് തുല്യതയുടേതും പരസ്പര ബഹുമാനത്തിന്റേതുമാണെന്നും വി ഡി സതീശന്‍ പറയുന്നു.
പ്രണയങ്ങള്‍ ഊഷ്മളമാകണമെന്നും അവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവും ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശൂന്യതയുടെ നിമിഷങ്ങള്‍ ഉണ്ടാകരുത്. അത്തരം പ്രണയങ്ങളില്‍ പകയും ക്രൗര്യവും ഉണ്ടാകില്ല. തിരസ്‌കരണങ്ങള്‍ ഉണ്ടാകാം. അത് ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നവരാണ് യഥാര്‍ഥ കരുത്തര്‍ – അദ്ദേഹം വിശദമാക്കി.
അത്രമേല്‍ സ്‌നേഹിച്ചിരുന്നുവെങ്കില്‍ അതേ ആളുടെ പ്രാണന്‍ എടുക്കാനോ അപകടപ്പെടുത്താനോ എങ്ങനെയാണ് കഴിയുന്നതെന്ന് വിഡി സതീശന്‍ ചോദിക്കുന്നു. ഒരാള്‍ക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ അതൊരു സാമൂഹിക അപചയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രണയത്തിലായാലും ജീവിതത്തിലായാലും ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണ്. പ്രിയപ്പെട്ട കുട്ടികളെ നിങ്ങളത് തിരിച്ചറിയണം. ഞാന്‍ മാത്രമാണ് ശരിയെന്ന് കരുതരുത്. പ്രണയം സ്വത്തവകാശം പോലെയെന്ന് ധരിക്കുകയും ചെയ്യരുത്. ആരും ആരുടേയും സ്വകാര്യ സ്വത്തല്ല – അദ്ദേഹം വ്യക്തമാക്കി.
DSDFASDES