ബിഷപ്പുമാർ നല്ല വാക്കു പറയുന്നതാണ് നല്ലത്; അവരെ പറ്റിയുള്ള ധാരണ തെറ്റിക്കരുത്’; മന്ത്രി ശശീന്ദ്രൻ
![ബിഷപ്പുമാർ നല്ല വാക്കു പറയുന്നതാണ് നല്ലത്; അവരെ പറ്റിയുള്ള ധാരണ തെറ്റിക്കരുത്’; മന്ത്രി ശശീന്ദ്രൻ ബിഷപ്പുമാർ നല്ല വാക്കു പറയുന്നതാണ് നല്ലത്; അവരെ പറ്റിയുള്ള ധാരണ തെറ്റിക്കരുത്’; മന്ത്രി ശശീന്ദ്രൻ](https://www.4pmnewsonline.com/admin/post/upload/A_ISY6OF2wbk_2025-02-13_1739431035resized_pic.jpg)
കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണമെന്ന താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ പ്രസ്താവനക്കെതിരെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ബിഷപ്പുമാർ ഏറ്റവും സൗമ്യമായ രീതിയിൽ സംസാരിക്കുന്നവരാണ് എന്നൊക്കെയാണ് താൻ ധരിച്ചുവെച്ചതെന്നും ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. ‘നല്ല വാക്ക് പറയുന്നതാണ് അവർക്ക് നല്ലത്. അവരെ പറ്റിയുള്ള ധാരണ തെറ്റിക്കരുത്. ഒരു മന്ത്രിയെ വിലയിരുത്താൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവെച്ചാൽ ഉയർന്നുവന്ന പ്രശ്നം തീരുമോ എന്നും എ.കെ ശശീന്ദ്രൻ ചോദിച്ചു.
രാജി പ്രശ്ന പരിഹാരമല്ല. എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്. വന്യജീവി ആക്രമണങ്ങള്‍ എല്ലാം ജനവാസമേഖലയിലല്ല. വനത്തിനുള്ളിലും പുറത്തും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങള്‍ എവിടെയാണെന്ന് പരിശോധിക്കണം. താന്‍ വിവാദപ്രസ്താവന നടത്തിയിട്ടില്ല. ആദിവാസികള്‍ അല്ലാത്തവര്‍ എന്തിനാണ് വനത്തിലെത്തുന്നതെന്നു പരിശോധിക്കണം. അതു നിയമവിരുദ്ധമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
കോട്ടയത്ത് ഇൻഫാം അസംബ്ലിയിൽ പ്രസംഗിക്കവേയാണ് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മന്ത്രിക്കെതിരെ രംഗത്തുവന്നത്. സംസ്ഥാനത്ത് തുടർച്ചായായി വന്യജീവി ആക്രമണത്തിൽ കർഷകർ മരിക്കുമ്പോൾ സർക്കാരും വനപാലകരും നോക്കുകുത്തികളാവുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ‘ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കർഷകന് ജീവിക്കാനുള്ള അവകാശങ്ങൾ തമസ്ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കർഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കർഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
daadfs