തങ്കമണി ബാങ്കിൽ തനിക്ക് ഒരുവിധ ഇടപാടുകളും നിലവിലില്ല' ; അനന്തു കൃഷ്ണൻ്റെ മൊഴി നിഷേധിച്ച് സി വി വർഗീസ്


അനന്തു കൃഷ്ണൻ്റെ മൊഴി നിഷേധിച്ച് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. തങ്കമണി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകിയെന്ന ആരോപണമാണ് സി വി വ‍‌ർഗീസ് പൂർണമായി തള്ളിയത്. തങ്കമണി ബാങ്കിൽ തനിക്ക് ഒരുവിധ ഇടപാടുകളും നിലവിലില്ല. സ്വകാര്യ അക്കൗണ്ട് ഇല്ല. താൻ വ്യക്തിപരമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല എന്നും സിവി വർഗീസ് വ്യക്തമാക്കി. അതേസമയം അനന്തു കൃഷ്ണൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം മൂന്നാമൻ വഴി സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നുവെന്നും. ഇത്തരം കാര്യങ്ങളിൽ സഹായിക്കാൻ കഴിയില്ല എന്ന് താൻ വ്യക്തമാക്കിയിരുന്നതായും സി വി വർഗീസ് പറഞ്ഞു.

ബാങ്ക് വഴി പണം ഇടപാട് നടത്തിയെന്ന ആരോപണം തങ്കമണി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും പൂ‍ർ‌ണമായി തള്ളി. സി വി വർഗീസിനോ സിപിഎമ്മിനോ ബാങ്കിൽ അക്കൗണ്ടുകളില്ലായെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സി വി വർഗീസിന് ബാങ്കുമായി ഇടപാട് ഉണ്ടായിരുന്നത് രണ്ടുവർഷം മുമ്പാണ്. ലോൺ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് പൂർണ്ണമായി അടച്ചുതീർത്തുവെന്നുമാണ് ബാങ്ക് സെക്രട്ടറി സുനീഷ് കെ സോമൻ പറഞ്ഞത്. 25 ലക്ഷം രൂപ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കും എത്തിയിട്ടില്ല. ഏത് ഏജൻസികൾക്കും രേഖകൾ പരിശോധിക്കണമെന്നും ബാങ്ക് സെക്രട്ടറി വ്യക്തമാക്കി.

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്ന് അനന്തു കൃഷ്ണൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സി വി വ‍ർഗീസിനായി തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നായിരുന്നു മൊഴി. മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നൽകിയത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.

article-image

qeefrwggeg

You might also like

Most Viewed