തട്ടിപ്പ് നടത്തിയത് പ്രമുഖരെ മറയാക്കി; എറണാകുളം ജില്ലയിൽ മാത്രം പണം നഷ്ടമായത് ആയിരങ്ങൾക്ക്


സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് ജില്ലയിൽനിന്ന് മാത്രം തട്ടിയത് കോടികൾ. മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണൻ മൂവാറ്റുപുഴയിൽ പിടിയിലായതോടെയാണ് തട്ടിപ്പിനിരയായ കൂടുതൽ പേർ രംഗത്തുവന്നത്. മൂവാറ്റുപുഴ, കോതമംഗലം, കോലഞ്ചേരി, പിറവം, പറവൂർ അടക്കമുള്ള വിവിധ സ്ഥലങ്ങളിലുള്ള ആയിരങ്ങളാണ് തട്ടിപ്പിനിരയായിരിക്കുന്നത്. തട്ടിപ്പിനിരയായവർ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കൊച്ചിയിലെ ഫ്ലാറ്റിലടക്കം പരിശോധന നടത്തി പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.ജില്ലയിലിതുവരെ 18 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.

ഇത് മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്ന് മാത്രമാണ്. മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ പരിധിയിൽ 11 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 554 പരാതിയാണ് ഇതുവരെ ലഭിച്ചത്. ഇതിൽ അഞ്ഞൂറോളം പരാതിയും മൂവാറ്റുപുഴയിലാണ്. ഇവിടെനിന്നുമാത്രം 1345 പേരിൽനിന്നാണ് പണം പിരിച്ചത്. ഇതിൽ 200ൽ താഴെ പേർക്ക് മാത്രമാണd വാഹനം നൽകിയത്. പിറവം മേഖലയിൽനിന്ന് അറുനൂറോളം പേരാണ് കബളിപ്പിക്കലിനിരയായത്. പറവൂരിൽ 2200ഓളം പേർക്കാണ് പണം നഷ്ടമായത്. 36 പേർ പരാതി നൽകി. ഇവിടെ മാത്രം 12 കോടിയുടെ തട്ടിപ്പാണ് കണക്കാക്കുന്നത്.

വനിതകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്‍റ് ഡെവലപ്മെന്‍റ് (സീഡ്) സൊസൈറ്റികൾ രൂപവത്കരിച്ചായിരുന്നു തട്ടിപ്പ്. 300 രൂപ നൽകി സൊസൈറ്റിയിൽ അംഗത്വം എടുക്കുമ്പോൾതന്നെ ആവശ്യമുള്ള ഉപകരണത്തിന്‍റെ പകുതി വില നൽകണമെന്നായിരുന്നു നിബന്ധന. വലിയ കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ ഉപയോഗിച്ച് ഇരുചക്രവാഹനത്തിന് പുറമെ കാർഷിക-ഗൃഹ ഉപകരണങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം. പിരിച്ചെടുത്ത തുക കൊണ്ട് ആദ്യം കുറച്ചുപേർക്ക് പൊതു പരിപാടികൾ നടത്തി വാഹനങ്ങളും മറ്റും വിതരണം ചെയ്തതോടെ കൂടുതൽ പേർ പണം നൽകി. ഇത്തരം പരിപാടികളിൽ എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളെയും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരെയും പങ്കെടുപ്പിച്ച് കൂടുതലാളുകളെ ആകർഷിച്ചു. ഇവരുടെ പൊതുപരിപാടികളിൽ പ്രമുഖർ എത്തിയതുമൂലം സാധാരണക്കാരുടെ വിശ്വാസം നേടാനും കഴിഞ്ഞു. ഓരോ പ്രദേശത്തും സ്വാധീനമുള്ള എൻ.ജി.ഒകളെ മുൻനിർത്തിയാണ് ആളുകളെ കൂട്ടിയത്. ഇതിനായി പഞ്ചായത്ത് അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിലും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും പ്രമോട്ടർമാരാക്കിയാണ് ആളുകളെ ആകർഷിച്ച് പണം പിരിച്ചത്. തട്ടിപ്പ് വെളിച്ചത്തായതോടെ ഇവരടക്കം വെട്ടിലായിരിക്കുകയാണ്. പ്രമുഖ ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് ലാലി വിൻസെന്‍റ് അടക്കമുള്ളവർ ഇവരുടെ വേദികളിലെ സ്ഥിരസാന്നിധ്യങ്ങളായിരുന്നു.

article-image

swadqasdfsfsdsa

You might also like

Most Viewed