കൈയിൽ വിലങ്ങ്, കാല് ചങ്ങല കൊണ്ട് കെട്ടിയിട്ടു, ശുചിമുറിയിലേക്ക് വലിച്ചിഴച്ചു ; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍
അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ അമേരിക്ക തിരികെ നാട്ടിലെത്തിച്ചത് ക്രൂരമായ രീതിയിലെന്ന് വെളിപ്പെടുത്തല്‍. 40 മണിക്കൂറിലധികമുണ്ടായ സൈനിക വിമാനത്തിലെ യാത്രയില്‍ കൈകാലുകളില്‍ വിലങ്ങണിയിച്ചതിനാല്‍ തന്നെ ഭക്ഷണം പോലും നല്ല രീതിയില്‍ കഴിക്കാന്‍ സാധിച്ചില്ലെന്ന് തിരികെ വന്നവര്‍ ആരോപിക്കുന്നു.
'40 മണിക്കൂറോളം ഞങ്ങളുടെ കൈകള്‍ വിലങ്ങണിയിച്ചു. കാലുകള്‍ ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് അനങ്ങാന്‍ അനുവദിച്ചില്ല. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ശുചിമുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. ശുചിമുറിയുടെ വാതില്‍ തുറന്ന് ഞങ്ങളെ അതില്‍ തള്ളി വിടും', പഞ്ചാബിലെ തഹ്‌ലി ഗ്രാമത്തിലെ ഹര്‍വീന്ദര്‍ സിംഗ് പറഞ്ഞു.
വളരെ മോശമായിരുന്നു സൈനികവിമാനത്തിലെ യാത്രയെന്നും അദ്ദേഹം 40 മണിക്കൂറോളം നല്ല രീതിയില്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 'കൈവിലങ്ങിട്ട് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. കുറച്ച് നേരത്തേക്കെങ്കിലും കൈവിലങ്ങ് അഴിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ കേട്ടില്ല. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളുള്ള യാത്രയായിരുന്നു അത്. സഹാനുഭൂതിയുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രം നമുക്ക് പഴങ്ങള്‍ വാഗ്ദാനം ചെയ്തു', അദ്ദേഹം പറഞ്ഞു.
കൈകാലുകളിലുണ്ടായ വിലങ്ങുകള്‍ അമൃത്‌സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അഴിച്ചതെന്ന് മറ്റൊരു യാത്രികനായ ജസ്പാല്‍ സിങ് പറഞ്ഞു. ഇന്ത്യയിലേക്കാണ് പോകുന്നതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'മറ്റൊരു ക്യാമ്പിലേക്ക് പോകുകയായിരുന്നുവെന്നാണ് ഞങ്ങള്‍ ആദ്യം ചിന്തിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്ക് പോകുന്ന വിവരം അറിയിച്ചത്. അവര്‍ ഞങ്ങളുടെ കൈകളില്‍ വിലങ്ങണിയിക്കുകയും കാലുകള്‍ ചങ്ങല ഉപയോഗിച്ച് കെട്ടുകയും ചെയ്തു', അദ്ദേഹം പറഞ്ഞു.
നിയമപരമായി അമേരിക്കയിലെത്താനാണ് താന്‍ ശ്രമിച്ചതെന്നും വിസയ്ക്ക് വേണ്ടി ഏജന്റിന് 30 ലക്ഷം രൂപ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇയാള്‍ വഞ്ചിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് അനധികൃതമായി പോകേണ്ടി വന്നതെന്നും ജസ്പാല്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 104 ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ യുദ്ധ വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തിയത്. അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്.
aqswddsvzfs