കിഫ്ബി റോഡിൽ ടോള്‍ പിരിച്ചാൽ ശക്തമായ പ്രക്ഷോഭമുണ്ടാകും : കെ.സുധാകരന്‍


കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ടോളിനെതിരെ ഇത്രയും നാളും സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം.

കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ ധനപ്രതിസന്ധിക്ക് കാരണം. കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹമാണ്. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി കരാറുകൾ പലതും നൽകിയതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കി. ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റത് ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചു.

കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കി. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണ്. കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.സുധാകരൻ പറഞ്ഞു.

article-image

sdfeffdfdsa

You might also like

Most Viewed