കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണന: കെ.സുരേന്ദ്രൻ
കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുപിഎ സർക്കാർ ഭരിച്ച 10 വർഷത്തിൽ നൽകിയതിനേക്കാൾ മൂന്നിരട്ടിയിലധികം തുക മോദി സർക്കാർ കേരളത്തിന് നൽകി. എന്നാൽ കേരളത്തിനോട് കേന്ദ്ര അവഗണനയാണെന്നാണ് യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
2004 മുതൽ 14 വരെ 46,000 കോടി രൂപയാണ് യുപിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. എന്നാൽ 2015 മുതൽ 25 വരെ 1,57,000 കോടി രൂപയാണ് സംസ്ഥാനത്തിന് എൻഡിഎ സർക്കാർ അനുവദിച്ചത്. റെയിൽവെ ബജറ്റിൽ യുപിഎ കാലത്ത് പ്രതിവർഷം 370 കോടി രൂപയാണ് കേരളത്തിന് കിട്ടിക്കൊണ്ടിരുന്നതെങ്കിൽ ഈ വർഷം മാത്രം 3042 കോടിയാണ് മോദി സർക്കാർ കേരളത്തിന് നൽകിയത്. കേരളത്തിലെ 35 റെയിൽവെ സ്‌റ്റേഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. കേരളത്തിൻ്റെ നടപ്പ് റെയിൽ പദ്ധതികൾക്കെല്ലാം കേന്ദ്രത്തിൻ്റെ പിന്തുണയുണ്ട്.
ശബരി റെയിൽ പദ്ധതി മുടങ്ങിയത് സംസ്ഥാനത്തിൻ്റെ അലംഭാവം കൊണ്ട് മാത്രമാണ്. കേന്ദ്രത്തിൻ്റെ ത്രികക്ഷി എംഒയു സംസ്ഥാനം അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്. കേരളത്തിൻ്റെ പിടിപ്പുകേടാണിതിൻ്റെ കാരണം. കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിൽ റെയിൽവെക്ക് വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 500 കോടി വാർഷിക വരുമാനത്തിലേക്ക് കേരളത്തിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളെ ഉയർത്താനുള്ള നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. എന്നിട്ടും പുതിയ വണ്ടികൾ കേരളത്തിന് അനുവദിച്ചില്ലെന്നാണ് ചില മാദ്ധ്യമങ്ങൾ പറയുന്നത്. ബജറ്റിലല്ല പുതിയ വണ്ടികൾ അനുവദിക്കുകയെന്നെങ്കിലും ഇവർ മനസിലാക്കണം. വൻകിട പദ്ധതികൾ ഒന്നും ബജറ്റിൽ അല്ല പ്രഖ്യാപിക്കാറുള്ളത്. ഇത് മനസിലാക്കാതെയാണ് മാദ്ധ്യമങ്ങൾ പോലും പ്രതികരിക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
xsDVZAZADV