പാർട്ടി പരിപാടികളിൽ തൽകാലം പങ്കെടുപ്പിക്കില്ല; മുകേഷിന് അപ്രഖ്യാപിത വിലക്ക്
നടനും എംഎൽഎയുമായ എം. മുകേഷിന് സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്ക്. പാർട്ടിയുമായി ബന്ധപ്പെട്ട പൊതുപരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്നും പ്രചാരണ പോസ്റ്ററുകളിൽ മുകേഷിന്‍റെ ഫോട്ടോ ഉൾപ്പെടുത്തേണ്ട എന്നുമാണ് പാർട്ടി കൊല്ലം ജില്ലാ നേതൃത്വത്തിന്‍റെ അനൗദ്യോഗിക തീരുമാനം. ഈ വിവരം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മുകേഷിനെതിരേ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
കൊല്ലത്ത് നടക്കാൻ പോകുന്ന സിപിഎം സംസ്ഥാനസമ്മേളനത്തിന്‍റെ പ്രചാരണ പരിപാടികളിലും പോസ്റ്ററുകളിലും മുകേഷിന്‍റെ സാന്നിധ്യം ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് താൽകാലിക വിലക്കെന്നാണു സൂചന. അതേസമയം എംഎൽഎ എന്ന നിലയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കില്ല. എന്നാൽ മുകേഷ് പങ്കെടുക്കുന്ന പരിപാടികളിൽ പ്രമുഖ നേതാക്കൾ പരമാവധി വിട്ടുനിൽക്കും, സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതിയിൽ മുകേഷിന്‍റെ പേരുണ്ട്. മുകേഷിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നതിനു മുന്പാണ് സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയത്.
പാർട്ടി സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പത് വരെയാണു കൊല്ലത്ത് നടക്കുന്നത്. അതിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് മുകേഷിന് എതിരേയുള്ള കേസ് മങ്ങൽ ഏൽപ്പിക്കുമോ എന്ന ആശങ്ക പാർട്ടി ജില്ലാ നേതൃത്വത്തെ അലട്ടുന്നുമുണ്ട്. മാത്രമല്ല പ്രതിപക്ഷത്തെ പ്രധാന സംഘടനകളെല്ലാം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭവും തുടങ്ങിക്കഴിഞ്ഞു. മുകേഷിന്‍റെ ഓഫീസിലേക്കും വസതിയിലേക്കുമാക്കെ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും നേതൃത്വത്തിലും അവരുടെ പോഷക സംഘടനകളുടെ ആഭിമുഖ്യത്തിലും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. മുകേഷ് രാജിവയ്ക്കും വരെ സമരം തുടരുമെന്നാണ് ഈ സംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
dsdsfdfsadfsa