കോൺഗ്രസിനും ബിജെപിയ്ക്കും എതിരെ വെള്ളാപ്പള്ളി നടേശൻ; മുഖ്യമന്ത്രിക്ക് പ്രശംസ
നേതൃപദവിയിലേയ്ക്ക് ഈഴവരെ പരിഗണിക്കാത്തതിൽ കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിൽ 'ഈഴവർ കറിവേപ്പിലയോ' എന്ന പേരിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. എൻഎസ്എസിനെതിരെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഒളിയമ്പും തൊടുത്തിട്ടുണ്ട്. കോൺഗ്രസിൽ ഈഴവരെ വെട്ടിനിരത്തുകയാണെന്ന രൂക്ഷവിമർശനമാണ് എഡിറ്റോറിയലിൽ വെള്ളാപ്പള്ളി ഉന്നയിച്ചിരിക്കുന്നത്. വന്ന് വന്ന് കോൺഗ്രസിൽ കെ ബാബു എന്ന ഈഴവ എംഎൽഎ മാത്രമേയുള്ളു. കെപിസിസി പ്രസിഡൻ്റ് പോലും തഴയപ്പെടുന്നുവെന്നും എഡിറ്റോറിയലിൽ വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ കാര്യം ഇതിലും കഷ്ടമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നുണ്ട്.
എൻഎസ്എസിനെതിരെയും എഡിറ്റോറിയലിൽ പരോക്ഷമായ വിമർശനമുണ്ട്. സ്വന്തം സമുദായത്തിന് വേണ്ടി സ്വന്തം സംഘടനകളിൽ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവർക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ് ഇവർക്ക് സമുദായ ചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോൽ സ്ഥാനങ്ങളിൽ തിരുകി കയറ്റാനും മറ്റുള്ളവരെ വലിച്ച് താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും. അതിൻ്റെ അനന്തരഫലമാണ് അധികാരക്കസേരകളിൽ നിന്നുള്ള ഈഴവരുടെ പടിയിറക്കം എന്നാണ് എൻഎസ്എസിനെതിരെയുള്ള വെള്ളാപ്പള്ളി നടേശൻ്റെ ഒളിയമ്പ്.
മുഖ്യമന്ത്രി പിണറായി വിജയനെ എഡിറ്റോറിയലിൽ വെള്ളാപ്പള്ളി പ്രശംസിക്കുന്നുണ്ട്. എൻഡിഎയുടെ വളർച്ചയും യുഡിഎഫിൻ്റെ തകർച്ചയും കാണുമ്പോൾ അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ അധികാരത്തിലെത്തുമെന്നാണ് വെള്ളപ്പള്ളി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടതുസർക്കാർ മൂന്നാമതും അധികാരത്തിലെത്തിയാൽ നേതൃസ്ഥാനത്തേയ്ക്ക് പിണറായി വിജയൻ അല്ലാതെ മറ്റൊരു മുഖം സിപിഐഎമ്മിലില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും എഡിറ്റോറിയലിൽ വിമർശനമുണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവർത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ ചെയ്യുന്നതെന്നാണ് വെള്ളാപ്പള്ളി നടേശൻ്റെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ പ്രവർത്തി കൊണ്ട് സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ടെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നുണ്ട്.
DGHDTAGAARTH