സംവിധായകൻ ഷാഫി അന്തരിച്ചു; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ


ജനപ്രിയ സിനിമകളിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായ സംവിധായകൻ ഷാഫി (56) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഈ മാസം 16 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമാ ജീവിതം തുടങ്ങിയത്. 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം.

റഷീദ് എം.എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ. എളമക്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം രാവിലെ പത്ത് മുതൽ ഉച്ചക്ക് ഒന്ന് വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. കബറടക്കം വൈകിട്ട് നാലിന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ നടക്കും.

article-image

tteetager

You might also like

Most Viewed