രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; മാനന്തവാടി നഗരസഭയിൽ ഹർത്താൽ തുടങ്ങി


മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിലേക്ക് മാറ്റും. മീൻമുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം. നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കടുവ ദൗത്യത്തിനായി ഇന്നെത്തും.

കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിറക്കിയത്. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന്‌ മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻപ് മയക്ക് വെടിവെയ്ക്കാൻ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതേസമയം, മാനന്തവാടി നഗരസഭയിൽ യുഡിഎഫും എസ്ഡിപിഐയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. പഞ്ചാരക്കൊല്ലി നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരും. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും. പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

article-image

sdasdesdesw

You might also like

Most Viewed