വധശ്രമത്തിൽ നിന്ന് തന്നെ രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ യു.എസ് സീക്രട്ട് സർവിസ് മേധാവിയാക്കി ട്രംപ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ തന്നെ പൊതിഞ്ഞുപിടിച്ച് സംരക്ഷിച്ച സീക്രട്ട് സർവിസിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സീക്രട്ട് സർവിസ് മേധാവിയാക്കി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സീക്രട്ട് സർവിസ് ഉദ്യോഗസ്ഥനായ സീൻ കറനെ അടുത്ത ഡയറക്ടറാക്കി നിയമിച്ചുള്ള ഉത്തരവിൽ ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു. സീൻ കറൻ ധീരനും ബുദ്ധിമാനുമാണെന്ന് ട്രംപ് തന്‍റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ എഴുതി. കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്നെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള ചുമതല അദ്ദേഹം ഭംഗിയായി വഹിക്കുന്നു. അതുകൊണ്ടാണ് സീക്രട്ട് സർവിസിലെ ധീരരായ ഏജന്‍റുമാരെ നയിക്കാനുള്ള ചുമതല അദ്ദേഹത്തിന് നൽകുന്നത് -ട്രംപ് പറഞ്ഞു.
യു.എസിലെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് കീഴിലുള്ള ഫെഡറൽ നിയമ നിർവഹണ ഏജൻസിയാണ് സീക്രട്ട് സർവിസ്. രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ, അവരുടെ കുടുംബം, സന്ദർശനത്തിനെത്തുന്ന വിദേശ നേതാക്കൾ എന്നിവരുടെ സുരക്ഷാ ചുമതല വഹിക്കുന്നത് സീക്രട്ട് സർവിസാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന റാലിയിലാണ് ട്രംപിന് നേരെ വധശ്രമമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് ട്രംപിന്റെ ജീവൻ രക്ഷിച്ചത്.