ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല; ബ്രൂവറി വിഷയത്തില്‍ ബിനോയ് വിശ്വം
പാലക്കാട് ബ്രൂവറി വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ. കുടിവെള്ളം, ശുദ്ധവായു എന്നിവയെല്ലാം വികസനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളാണ് – ബിനോയ് വിശ്വം വ്യക്തമാക്കി. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്‌സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എലപ്പുള്ളിയിലെ വിവാദ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയത് സിപിഐ നേതൃത്വത്തിന്റെ അനുമതിയോടെയാണ്. ഇത് സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ എംഎന്‍ സ്മാരകത്തിലെത്തി കണ്ടിരുന്നു. പ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ കൂടിക്കാഴ്ച സ്വാഭാവികമാന്ന് ചര്‍ച്ച സ്ഥിരീകരിച്ച് എം ബി രാജേഷ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
അതേസമയം, വിഷയത്തില്‍ വിശദീകരണവുമായി ഒയാസിസ് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കമ്പനി ആരംഭിച്ചാല്‍ ജലക്ഷാമം, മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്ക് വേണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 5 ഏക്കറില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതല്‍ ആവശ്യമെങ്കില്‍ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂ. കമ്പനിയുടെ പ്രവര്‍ത്തനമാരംഭിച്ചു 2 വര്‍ഷത്തിനുശേഷം വൈദ്യുതിയും ഉല്‍പാദിപ്പിക്കും. 1200 പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കും. ഇതില്‍ ആദ്യ മുന്‍ഗണന കമ്പനി ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവര്‍ക്ക്. അനുമതി നേടാന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ല. സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടെ,പൂര്‍ണ്ണമായ വിവരങ്ങള്‍ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കും – കമ്പനി അധികൃതര്‍ വിശദമാക്കി.
dassdfdfs