നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സമാധിയിരുത്തി
നെയ്യാറ്റിൻകര: കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സമാധിയിരുത്തി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതിന് പിന്നാലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായി വീട്ടിലെത്തിച്ചാണ് സമാധിയിരുത്തിയത്. മതാചാര്യന്മാരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ട് പുതിയ സമാധി സ്ഥലം നിർമിച്ചു. 'ഋഷി പീഠം' എന്നാണ് പുതിയ സമാധി സ്ഥലത്തിന് പേര് നൽകിയിട്ടുള്ളത്. ഹൈകോടതി ഇടപെടലിനെ തുടർന്ന് കനത്ത പൊലീസ് ബന്തവസിൽ ജില്ല ഭരണകൂടം വ്യാഴാഴ്ച രാവിലെയാണ് ഗോൻ സ്വാമിയുടെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് ഇൻക്വസ്റ്റ് നടപടിക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.
തുടർന്ന് ബന്ധുക്കൾക്ക് കൈമാറിയ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കല്ലറ തുറന്നപ്പോൾ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയ ഭാഗം വരെ പൂജാദ്രവ്യങ്ങൾ നിറച്ചിരുന്നു. പോസ്റ്റ്മോർട്ടം പൂർത്തിയായെങ്കിലും ഗോപൻ സ്വാമിയുടെ മരണകാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്നാണ് ഫോറൻസിക് സംഘം വ്യക്തമാക്കിയത്.
മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം കൃത്യമായി പറയാൻ കഴിയൂവെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു.
അതേസമയം, ഗോപൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സമാധിയായി എന്ന മക്കളുടെയും ഭാര്യയുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്.
േ്ിേ്ി